Sunday, July 6, 2014

കാലം, Time - the biggest dimension.

സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് എന്നതിനപ്പുറം ഒരു പ്രസക്തിയുണ്ട്, കാലത്തിന്. Time, it is the biggest dimension. കാലത്തോട് ചേർത്ത് വച്ച് ആലോചിക്കുമ്പോഴാണ് എന്തിന്റെയും ശക്തിയും അളവും ആഴവും വ്യത്യസ്ത മാനങ്ങളും കുറയുന്നത്. ദുഃഖത്തിന്റെ തീവ്രതയും, ആഹ്ളാദത്തിന്റെ തിളക്കവും  ബന്ധങ്ങളുടെ ആഴവും മരണത്തിന്റെ ശൂന്യതയുമെല്ലാം  അവന്റെ രാജസൂയങ്ങളിൽ തോല്ക്കാൻ വേണ്ടി മാത്രം മത്സരിക്കുന്നു.

എന്തിനെയും എല്ലാത്തിനെയും മാറ്റി മറിക്കാൻ കഴിവുണ്ടവന്.  മനുഷ്യരെയും അവന്റെ ചിന്തകളും  ശരിതെറ്റുകളും  ഒക്കെ അവന്റെ അധീനതയിൽ  ഒതുങ്ങി നില്ക്കുന്നു. പ്രാണന് തുല്യം സ്നേഹിച്ചവർ ജന്മ ശത്രുക്കളാകുന്നു , അപരിചിത പ്രണയിനിയാവുന്നു , പ്രണയിനി പിന്നൊരു കാലത്ത് അപര്ചിതയും, പണ്ഡിതൻ പാമരനും, ധനികൻ ദരിദ്രനും, മാലാഖമാർ പിശാചിനികളും ആകുന്നു.   കുലസ്ത്രീയെ വേശ്യയാക്കാനും, വേശ്യയെ കുടുംബിനിയാക്കാനും വിധിക്കുന്നത് അവൻ തന്നെയാണ്. ഇരു കൈകളിലും  സൂര്യചന്ദ്രന്മാരെ വച്ച് മാറി അവൻ നടത്തുന്ന കളിയിൽ മാറാത്തത് അവൻ മാത്രമാണ്.

 വർഷം, പ്രായം, യുഗം അങ്ങനെ പലതിലൂടെയും അവന്റെ പ്രഭാവം അവൻ അറിയിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുo  കൊണ്ട് വരച്ചു കാണിക്കാനാവില്ല കാലത്തിനെ. എത്ര ചെറുതായി ഖണ്ഡിച്ചാലും കാലം ദുർബലനാകുന്നില്ല. ദൂരങ്ങളെയും വ്യാസങ്ങളെയും പിന്നിലാക്കി അവൻ എന്നും മുന്നിൽ തന്നെ നില്ക്കുന്നു.  വിശ്വം രചിച്ച ബ്രഹ്മമായതും, സർവസംഹാരിയായ രുദ്രനായതും, ലോകം നിലനിർത്തുന്ന ശക്തിയും  വിശ്വം ലയിച്ചില്ലാതാവുന്ന ശൂന്യതയും എല്ലാം കാലം തന്നെയാണ്‌. അവനാണ്  തുടര്‍ച്ചയായി അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച്‌ സംഹരിച്ചുകൊണ്ടേയിരിക്കുന്നത്‌.

കാലം ഒന്നിനെയും വേർതിരിക്കുന്നില്ല. കൃമി കീടങ്ങളും വൻ വൃക്ഷങ്ങളും മഹാമേരുവും രത്നക്കല്ലുകളും  യാചകനും ചക്രവർത്തിയുമെല്ലാം അവന് ഒരേ കളത്തിലെ കരുക്കളാണ് . എല്ലാത്തിനെയും അവൻ ശക്തിപ്പെടുത്തുകയും ക്ഷയിപ്പിക്കയും ചെയ്യുന്നു. 


ദയവില്ലാത്തതും, ക്രൂരവും, ഒന്നിനും വഴങ്ങാതതുമാണ് കാലം. വിധിക്കുന്നവനെയും വിധിക്കുന്ന അവൻ പക്ഷെ നീതിമാനാണ്. അതായിരിക്കും അവനു മാത്രം സ്വന്തമായുള്ള അനശ്വരതയുടെ രഹസ്യം.


.


2 comments: